നിൻെറ നോവ് ഞാൻ അറിഞ്ഞില്ലല്ലോ മകനേ ; കണ്ണു നനയിക്കും ഈ അച്ഛൻെറ ഫേസ്ബുക്ക് പോസ്റ്റ്
മകനെഴുതിയ ആ അഞ്ച് വാക്കുകൾ ഹൃദയത്തെ ആഴത്തിൽ മുറിവേൽപിക്കാൻ പോന്നതാണെന്ന് ആ അച്ഛൻ അതുവരെ അറിഞ്ഞിരുന്നില്ല. മകൻെറ സ്കൂളിലെ ചുവരിൽ പതിപ്പിച്ച അവൻെറ പ്രൊജക്റ്റ് പേപ്പർ കണ്ണിലുടക്കും വരെ ആ അച്ഛൻ കരുതിയത് തൻെറ മറ്റുമക്കളെപ്പോലെ അവനും സന്തോഷവാനാണെന്നാണ്. പതിനൊന്നു വയസുകാരനായ ക്രിസ്റ്റഫറിൻെറ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചറിയാൻ അച്ഛൻ ആ പ്രൊജക്റ്റിൻെറ ചിത്രമെടുത്തു. വീട്ടിലെത്തിയ ശേഷം അതു വിശദമായി വായിച്ചപ്പോഴാണ് ആ അച്ഛൻെറ ഹൃദയം തകർന്നു പോയത്.
സുഹൃത്തുക്കളുടെ പേരെഴുതാനുള്ള കോളത്തിൽ അവനെഴുതിയത് No One ( ആരുമില്ല) എന്നാണ്. ആ അഞ്ചു വാക്കുകൾ തൻെറ ഹൃദയത്തെ വല്ലാതെ മുറിവേൽപിച്ചു എന്നു പറഞ്ഞുകൊണ്ട് ക്രിസ്റ്റഫറിൻെറ അച്ഛൻ ബോബ് കോർണിലെസ് തൻെറ സങ്കടങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. വളരെ ഹൃദയസ്പർശിയായാണ് തൻെറ അനുഭവം അദ്ദേഹം കുറിച്ചത്. തൻെറ മകൻ ക്രിസ്റ്റഫർ ഓട്ടിസം ബാധിതനാണെന്ന് പറഞ്ഞുകൊണ്ടാണ് ആ കുറുപ്പ് തുടങ്ങുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഫ്ലോറിഡ സ്റ്റേറ്റ് ഫുട്ബോൾ പ്ലെയറിനു പിന്നാലെ മാധ്യമങ്ങൾ പോയത് ഓർമയുണ്ടോ? ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്ന കുഞ്ഞിന് കൂട്ടായി ആ ഫുട്ബോൾ താരം പോയതും ഒരു ടീച്ചർ ആ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതുമെല്ലാം ദേശീയ മാധ്യമങ്ങളടക്കം വാർത്തയായി. ഓട്ടിസം ബാധിച്ച കുട്ടിയാണ് എന്നു തിരിച്ചറിഞ്ഞിട്ടല്ല അദ്ദേഹം അവൻെറ സമീപത്തു പോയിരുന്നത്. ഒരു കുട്ടി ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടാണ്. എന്തായാലും അതിൽ പിന്നെ ഒരിക്കലും അവന് ഒറ്റക്കിരിക്കേണ്ടി വന്നിട്ടില്ല.
മനുഷത്വം എന്ന വാക്കിൻെറ വലിയ അർത്ഥമാണ് ഈ കുഞ്ഞു സംഭവത്തിലൂടെ ആ ഫുട്ബോൾ താരം പറഞ്ഞു തന്നത്. അദ്ദേഹം അങ്ങനെയൊരു നന്മ ചെയ്തതുകൊണ്ടു മാത്രമാണ് അങ്ങനെയുള്ള ഒരു കുഞ്ഞ് ദേശീയതലത്തിൽ വരെ ശ്രദ്ധേയനായത്. അല്ലെങ്കിൽ അവൻെറ അവസ്ഥയെന്താവുമായിരുന്നു. എന്നത്തേയും പോലെ ജീവിതകാലം മുഴുവൻ അവൻ തനിച്ചിരിക്കേണ്ടി വന്നേനേം. അതുകൊണ്ട് അച്ഛനമ്മമാരോടാണ് എനിക്ക് പറയാനുള്ളത്. കുഞ്ഞുങ്ങളോട് ഇത്തരം നന്മ നിറഞ്ഞ കഥകൾ പറഞ്ഞുകൊടുക്കണം. അങ്ങനെ തനിച്ചിരിക്കുന്നവരെ അവഗണിക്കാത്ത ഒരു മനസുമായി അവർ വളരട്ടെ.
ക്രിസ്റ്റഫറിൻെറ സഹോദരങ്ങൾ രാത്രി കാലങ്ങളിൽ സുഹൃത്തുക്കളോടൊപ്പം കറങ്ങി നടക്കും ചിലപ്പോൾ അവരുടെ വീടുകളിൽ തങ്ങും അപ്പൊഴൊക്കെ അവൻ എന്നോട് ചോദിക്കും. എനിക്കും എന്നെങ്കിലും ഇതുപോലെയാവാൻ കഴിയുമോ? അപ്പോൾ ഞാൻ പറയും തീർച്ചയായും. നിനക്ക് ആരോടൊപ്പമാണ് പോകേണ്ടതെന്നുള്ള എൻെറ ചോദ്യത്തിനു മുന്നിൽ നിശ്ശബ്ദനായി തലകുനിച്ച് അവൻ നിൽക്കും. കാരണം അങ്ങനെ പറയാൻ അവന് ഒരു പേരില്ല. അവന് സുഹൃത്തുക്കളില്ല.
നിനക്ക് 11 വയസല്ലേ ഉള്ളൂ കുറച്ചു കൂടി വലുതാകുമ്പോൾ സുഹൃത്തുക്കളാവും എന്നു പറഞ്ഞ് ഞാൻ അവനെ വെറുതെ ആശ്വസിപ്പിക്കും. അത് വെറുതെ പറയുന്നതാണെന്ന് എനിക്കും അവനും നന്നായറിയാം. എൻെറ കുഞ്ഞ് മിടുക്കനാണ്. നല്ല തമാശക്കാരനാണ്. അവനെ സന്തോഷിപ്പിക്കാൻ എനിക്കറിയാം. പക്ഷെ വീടുവിട്ടാൽ സ്കൂളിൽ അവൻ എന്നും ഒറ്റയ്ക്കാണ്. അവൻെറ സ്കൂളിലെ കുട്ടികൾ ക്രൂരന്മാരാണ് എന്നല്ല അതിൻെറ അർഥം. പ്രത്യേക കരുതലും ശ്രദ്ധയും വേണ്ട ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ അവർ അവഗണിക്കുന്നു. ഇത് അവരുടെ അറിവില്ലായ്മ കൊണ്ടാണ്. അതുകൊണ്ടാണ് കുഞ്ഞുങ്ങളെ സഹതാപം എന്തെന്നും ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് അത് എത്രത്തോളം ആവശ്യമാണെന്ന് പറഞ്ഞു മനസിലാക്കണമെന്നും ഞാൻ പറയുന്നത്.
നിങ്ങളുടെ കുഞ്ഞുങ്ങളോട് മനസു തുറന്ന് സംസാരിക്കുക. മറ്റുള്ളവരുടെ പരിഗണനയും സ്നേഹവും ആവശ്യമുള്ള ഇത്തരം കുഞ്ഞുങ്ങൾ നിരവധിയുണ്ടെന്ന് അവരെ പറഞ്ഞു മനസിലാക്കുക. അങ്ങനെയുള്ള കുഞ്ഞുങ്ങളെ സ്നേഹിക്കാനും കൂട്ടത്തിൽ കൂട്ടാനും പറയുക. അങ്ങനെ പെരുമാറിയാൽ അവരും കൂടുതൽ മിടുക്കരാകും എന്നും പറഞ്ഞു കൊടുക്കുക. അങ്ങനെ നല്ല മൂല്യങ്ങളുള്ള കുഞ്ഞുങ്ങളായി അവർ വളർന്നു വരട്ടെ...
ഈ പോസ്റ്റ് സമൂഹത്തെ മാറ്റിമറിക്കും എന്നൊന്നും വിചാരിച്ചല്ല ഞാൻ ഇതു പോസ്റ്റ് ചെയ്യുന്നത്. ഇത് വായിക്കുന്ന ഏതെങ്കിലും ഒരു രക്ഷിതാവ് അയാളുടെ കുഞ്ഞിന് നല്ല മൂല്യങ്ങൾ പകർന്നു നൽകുകയും ആ കുഞ്ഞ് എൻെറ ക്രിസ്റ്റഫറിന് നല്ലൊരു സുഹൃത്താവുകയും ചെയ്യുമല്ലോ എന്ന പ്രതീക്ഷയോടെയാണ്. അങ്ങനെ എൻെറ കുഞ്ഞിന് അവൻെറ ജീവിതത്തിൽ ആദ്യമായി ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നോർത്തിട്ടാണ്...
ആ അച്ഛൻെറ ഹൃദയം നൊന്തുള്ള എഴുത്ത് മനസിരുത്തി വായിക്കുന്ന ആർക്കും മനസുവരില്ല ആ കുഞ്ഞിനെ ഇനി തനിച്ചിരുത്താൻ... ഇല്ല ക്രിസ്റ്റഫർ ഇനി നീ ഒരിക്കലും തനിച്ചാവില്ല....
No comments:
Post a Comment