കുഞ്ഞുങ്ങൾ ബുദ്ധിയുള്ളവരാണോ? എങ്കിൽ ക്രെഡിറ്റ് അമ്മയ്ക്കു തന്നെ
അച്ഛൻെറ അല്ലേ മക്കൾ പിന്നെങ്ങനെ സ്കൂൾ ഫസ്റ്റാവാതിരിക്കും എന്ന വീമ്പു പറച്ചിൽ ഇനി വേണ്ട. കാരണം കുഞ്ഞുങ്ങൾക്കു ബുദ്ധി കിട്ടുന്നത് അമ്മമാരിൽ നിന്നാണ്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ നടത്തിയ പഠനത്തിലാണു കുഞ്ഞുങ്ങൾക്ക് പാരമ്പര്യമായി ബുദ്ധി കിട്ടുന്നത് അമ്മമാരിൽ നിന്നാണെന്നു തെളിഞ്ഞത്.
കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി നിർണ്ണയിക്കുന്നത് അമ്മമാരിൽ നിന്നു പകർന്നു കിട്ടുന്ന ജീൻ ആണെന്നും അച്ഛന്മാരുടെ ജീനിന് ഈ പ്രക്രിയയിൽ പങ്കില്ലെന്നുമെന്നാണു ഗവേഷകരുടെ നിഗമനം. എക്സ് ക്രോമസോമിലൂടെയാണ് അമ്മമാരിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഇൻറലിജൻറ്സ് ജീൻ പകർന്നുകിട്ടുന്നത്. സ്ത്രീകളിൽ രണ്ട് ക്രോമസോമുകളുള്ളതിനാലാണ് ഇതിൻെറ ഗുണഫലം കുഞ്ഞുങ്ങൾക്കു കിട്ടുന്നുന്നത്. എന്നാൽ പുരുഷന്മാർക്ക് ഒരു ക്രോമസോം മാത്രമുള്ളതിനാൽ കൊഗ്നിറ്റീവ് ഫങ്ഷനിൽ ഇത് നിർജീവമായിപ്പോകുമെന്നാണു ഗവേഷകരുടെ വിശദീകരണം.
കണ്ടീഷൻഡ് ജീൻ എന്നറിയപ്പെടുന്ന ജീൻ ആണു കുഞ്ഞുങ്ങൾക്ക് ബുദ്ധിശക്തിയും ധാരണാശക്തിയും പ്രദാനം ചെയ്യുന്നത്. ഇത് പകർന്നു കിട്ടുന്നത് അമ്മമാരിൽ നിന്നാണെന്നു പരീക്ഷണങ്ങളിലൂടെ തെളിയിച്ച ശേഷമാണു ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. പരീക്ഷണശാലയിലെ ചുണ്ടെലികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്.
ജനിതക വ്യതിയാനം വരുത്തിയ ചുണ്ടെലികളിൽ നടത്തിയ പഠനമനുസരിച്ച് അമ്മമാരുടെ ജീൻ കൂടുതൽ നൽകിയ എലികളുടെ തലച്ചോർ വലുതും ശരീരം ചെറുതും ആയിരുന്നുവെന്നും അച്ഛൻെറ ജീൻ കൂടുതൽ നൽകിയ ചുണ്ടെലികളിൽ ശരീരം വലുതും തലച്ചോർ ചെറുതും ആയിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.
ചുണ്ടെലികളുടെ തലച്ചോറിന്റെ 6 ഭാഗങ്ങളിലായാണ് ഭക്ഷണം കഴിക്കുന്നതു മുതൽ ഓർമശക്തി വരെ ഉൾപ്പെടുന്ന കൊഗ്നിറ്റീവ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇത് നിയന്ത്രിക്കുന്നത് അവയുടെ ശരീരത്തിലുള്ള കണ്ടീഷൻഡ് ജീൻ ആരുടേതാണെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ലിംബിക് സിസ്റ്റത്തിലുള്ള കോശങ്ങളിൽ കാണപ്പെടുന്ന അച്ഛൻെറ ജീനുകളാണ് ഭക്ഷണം, ലൈംഗികത, ദേഷ്യം എന്നിവയോട് പ്രതികരിക്കുന്നത്. ഈ ജീനുകൾ സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടാറില്ലെന്നും ഈ ഭാഗത്താണ് സങ്കീർണ്ണമായ കൊഗ്നിറ്റീവ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഗവേഷകർ പറയുന്നു. വിശകലനം, ചിന്ത, ഭാഷാ ശേഷി, പദ്ധതി തയാറാക്കൽ തുടങ്ങിയ സങ്കീർണമായ കാര്യങ്ങൾ നടക്കുന്നത് അമ്മമാരിൽ നിന്നു പകർന്നു കിട്ടിയ ജീനിൽ നിന്നാണെന്നും ഗവേഷകർ സ്ഥിരീകരിക്കുന്നു.
ഒരു കുഞ്ഞിന് 40 മുതല്‍ 60 ശതമാനം വരെ ബുദ്ധിശക്തി പാരമ്പര്യമായി പകർന്നു കിട്ടുന്നതാണെന്നും ബാക്കി സാഹചര്യങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ആർജ്ജിക്കുന്നവയാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
No comments:
Post a Comment