കുരുന്നുകളെത്തേടി പുതുമകൾ
കുട്ടികളെപ്പോലെ തന്നെയാണ് കുട്ടികൾക്കായുള്ള വിപണിയുടെ കാര്യവും. പിറന്നു വീഴുമ്പോഴുള്ള പോലെയല്ല, രണ്ടു വർഷം കഴിഞ്ഞു കാണുമ്പോൾ. മാറ്റങ്ങൾ വളരെ പെട്ടെന്നാണ്. ഇന്നു കണ്ട സാധനം തൊട്ടടുത്ത ദിവസം മുഖം മിനുക്കി മറ്റൊരു രൂപത്തിലെത്തും. കുട്ടികളുടെയും അമ്മമാരുടെയും സൗകര്യത്തിനാണ് കുട്ടികളുടെ വിപണിയിൽ എന്നും മുൻതൂക്കം. അതിനനുസരിച്ചു തന്നെയാണ് ഈ മാറ്റങ്ങളും.സൗകര്യങ്ങൾക്കൊപ്പം ബുദ്ധി വികാസത്തിനും സഹായിക്കുന്ന വിധത്തിലാണ് കുട്ടികൾക്കായുള്ള ഉൽപന്നങ്ങളുടെ ഇന്നത്തെ വളർച്ച. ഫീഡിങ് ബോട്ടിൽ മുതൽ തട്ടിയും മുട്ടിയും കുട്ടികൾക്ക് പരുക്കേൽക്കാതിരിക്കുന്നതിനുള്ള രക്ഷാകവചങ്ങളിൽ വരെയുണ്ട് ഈ മാറ്റങ്ങൾ. അതിൽ ചിലത് ഇതാ...
ഈസി ബോട്ടിൽ
മുലപ്പാലിനു പകരമായി മിൽക്ക് സപ്ലിമെന്റുകൾ കുട്ടികൾക്ക് കൊടുക്കേണ്ടി വരുമ്പോൾ അമ്മമാർ ഏറ്റവും കൂടുതൽ നേരിടുന്ന ബുദ്ധിമുട്ടിനു പരിഹാരമായാണ് മിക്സീ ബോട്ടിലുകൾ രംഗത്തെത്തിയിട്ടുള്ളത്. പുറത്തുപോകുമ്പോൾ മിൽക്ക് സപ്ലിമെന്റും വെള്ളവും കൊണ്ടു നടക്കേണ്ടതും ഇതു തയാറാക്കുന്നതുമൊക്കെ അമ്മമാരെ കുഴയ്ക്കുന്ന കാര്യങ്ങളായിരുന്നു. ഇതിനുള്ള പരിഹാരവുമായിട്ടാണ് മിക്സി ഫീഡിങ് ബോട്ടിലുകൾ എത്തിയിട്ടുള്ളത്. ബോട്ടിലിൽ താഴെയായുള്ള കണ്ടെയ്നറിൽ ആവശ്യത്തിനു പൗഡർ നിറയ്ക്കാം. മുകളിൽ വെള്ളവും കുട്ടിക്ക് പാൽ കൊടുക്കാറാകുമ്പോൾ ബോട്ടിലിന്റെ താഴെ ഒന്നു അമർത്തിയാൽ പൊടിയും വെള്ളവും ചേരും. സംഗതി എളുപ്പം. അൽപം ചെരിഞ്ഞ നിപ്പിളുകളോടു കൂടിയ ഫീഡിങ് ബോട്ടിലുകളാണ് മറ്റൊന്ന്. അമ്മയുടെ മുലപ്പാൽ കുടിക്കുന്നതുപോലെ കുട്ടികൾക്കു തോന്നുന്ന വിധത്തിൽ രൂപകൽപന ചെയ്തിട്ടുള്ളവയാണ് മിമിജുമിയുടെ പാൽക്കുപ്പികൾ.
വീഴാതെ, മുറിയാതെ
ഇരിക്കാൻ തുടങ്ങുന്ന പ്രായം മുതൽ തട്ടിയും മുട്ടിയും കുട്ടികൾക്ക് പരുക്കേൽക്കുക പതിവാണ്. ഇതൊഴിവാക്കാനായി വീടകളിലെ ഷെൽഫുകൾ, അലമാര, മേശ തുടങ്ങിയവയുടെ വക്കുകളിൽ ഘടിപ്പിക്കാവുന്നവയാണ് കോർണർ കുഷ്യൻസ്, എഡ്ജ് കോർണർ പ്രൊട്ടക്ടർ തുടങ്ങിയവ. കുട്ടികളുടെ പ്രിയപ്പെട്ട വിനോദങ്ങളിലൊന്നാണ് സ്വിച്ച് ബോർഡുകളിലുള്ള കളി. ഇതൊഴിവാക്കാൻ നോബ് കവറുകളും ലഭിക്കും.
ഡവലപ്മാറ്റ്
കുട്ടികളെ കിടത്താനുള്ള സാധാരണ വാട്ടർ റെസിസ്റ്റന്റ് മാറ്റുകൾ കളർഫുളാക്കി വിവിധ ഡിസൈനുകൾ നൽകി മാറ്റിയെടുത്തപ്പോഴുണ്ടായതാണ് ഡവലപ് മാറ്റ്. കമഴ്ന്നു കിടക്കാൻ തുടങ്ങുന്ന കാലം മുതൽക്കേ കുട്ടി ഈ ഡിസൈനുകളോടൊപ്പം കളിക്കാൻ തുടങ്ങും. ഒപ്പം അറിയാതെ തന്നെ കളറുകളും ഡിസൈനുകളും പരിചയപ്പെടുകയും ചെയ്യുമെന്നതാണ് ഇതിന്റെ ഗുണം.
ഷവർ ബാത്ത്
ന്യൂബോൺ ബേബിക്കു വരെ ഷവർബാത്തൊരുക്കുന്ന ബാത്ത്ടബുകളാണ് വിപണിയിലെ ഇപ്പോഴത്തെ താരം.ഷവർ ഘടിപ്പിച്ച ബാത്ത് ടബുകളിൽ കിടത്തി കുട്ടികളെ കുളിപ്പിക്കാനുള്ള അമ്മമാരുടെ സൗകര്യമാണ് ഇവിടെ പ്രധാനം. കുഞ്ഞിന് സുഖമുള്ള ഷവർബാത്തും ആകാം. നവജാത ശിശുക്കൾ മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികളെ ഇതിൽ കുളിപ്പിക്കാം. ബാത്ത്ടബിനുള്ളിൽ ഇറങ്ങിയിരിക്കുന്ന വിധത്തിൽ ഘടിപ്പിച്ചിട്ടുള്ള സ്ലിങ് പാഡുകളിൽ കിടത്തി കുട്ടികളെ കുളിപ്പിക്കാം. കുട്ടി ഇരിക്കാൻ തുടങ്ങിയാൽ ഈ സ്ലിങ് പാഡുകൾ എടുത്തുമാറ്റി ടബിൽ ഇരുത്തി കുളിപ്പിക്കാം. സോപ്പുവെള്ളം കളയാനായി ടബിനടിയിൽ ഡ്രെയിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ടീത്തർ ഫോർ ടീത്ത്
റാറ്റിലോടു കൂടിയതും അല്ലാത്തതുമായ ടീത്തറുകളുണ്ട്. കിളികൾ, മൃഗങ്ങൾ, മീൻ തുടങ്ങിയ രൂപങ്ങളിലാണ് ഭൂരിഭാഗവും. ജെൽ, വെള്ളം എന്നിവ നിറച്ചതും റബർ, സിലിക്കോൺ തുടങ്ങിയ മെറ്റീരിയലുകളിലുമാണ് സാധാരണ ടീത്തറുകൾ ലഭിക്കുക.
കുഞ്ഞു ജിം
ആക്റ്റിവിറ്റി ജിം ഒക്കെയാണെങ്കിലും കുട്ടികളുടെ മാനസികോല്ലാസത്തിനാണ് ഈ ജിമ്മിൽ പ്രധാന്യം. രാരീരം കിടക്കകളോട് സാമ്യമുള്ള കിടയ്ക്കയാണ് ഇത്. എന്നാൽ പ്രകൃതി, ആനിമൽസ്, സ്ട്രക്ചേഴ്സ് എന്നിങ്ങനെ വിവിധ തീമുകളിൽ കളർഫുളായിരിക്കും ആക്ടിവിറ്റി ജിമ്മുകൾ എന്ന കുഷ്യൻ കിടയ്ക്കകൾ. തൂങ്ങിക്കിടന്നാടുന്ന കളിപ്പാട്ടങ്ങൾക്കൊപ്പം കുഞ്ഞു തലയിണയുമുണ്ടാകുംആക്ടിവിറ്റി ജിമ്മിൽ. കിടയ്ക്കയ്ക്കു മുകളിലായി തൂങ്ങി കിടക്കുന്ന പലതരത്തിലുള്ള പാവകൾ, കണ്ണാടി തുടങ്ങിയവ കുട്ടികളുടെ മാനസിക വളർച്ച ലക്ഷ്യമിട്ടുള്ളതാണ്. വ്യത്യസ്ത ആകൃതിയിലും മെറ്റീരിയലിലും കളറിലുമുള്ള ഈ പാവകളെ തൊട്ടും തലോടിയും കുട്ടികൾക്കു കളിക്കാം. ഇതിൽ തന്നെ റാറ്റിലും ടീത്തറും സ്ക്വീക്കറും ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത രൂപങ്ങളോടൊപ്പം ശബ്ദങ്ങളെയും മെറ്റീരിയലുകളെയും പരിചയപ്പെടാൻ കുട്ടികളെ സഹായിക്കുന്നവയാണ് ആക്ടിവിറ്റി ജിമ്മുകൾ. കളിപ്പാട്ടങ്ങൾ തൂക്കിയിടാനായി കിടയ്ക്കയുടെ വശങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വളയങ്ങൾ ആവശ്യമെങ്കിൽ അഴിച്ചുമാറ്റുകയുമാകാം.
വൃത്തിയാക്കാനെന്തെളുപ്പം
ഫീഡിങ് ബോട്ടിലുകൾ ഉപയോഗിക്കുന്നവരുടെ വലിയ പണികളിൽ ഒന്നാണ് ബോട്ടിലുകൾ വൃത്തിയായി കഴുകിയെടുക്കുകയെന്നത്. അതിനായി ബ്രഷുകൾ മുതൽ സ്റ്റീം സ്റ്റെറിലൈസറുകൾ വരെയുണ്ട് വിപണിയിൽ ഒന്നിൽ കൂടുതൽ ബോട്ടിലുകൾ വരെ ഒരേ സമയം കഴുകാവുന്ന സ്റ്റെറിലൈസറുകളുണ്ട്, സമയവും പണിയും മിച്ചം. ഇനി കഴുകിയ ബോട്ടിലുകൾ വെള്ളം കളയാനായി വയ്ക്കണമെങ്കിൽ ആകർഷകമായ ആകൃതികളിലുള്ള ഡ്രയിങ് റാക്കുകളും റെഡി.
No comments:
Post a Comment