എഴുത്തിനിരുത്താൻ ദശമി
വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല. മുൻ വർഷത്തേതിൽനിന്നു വിഭിന്നമായി പകൽ മുഴുവൻ ദശമി ഉള്ളതിനാൽ എഴുത്തിനിരുത്തലിനു ധൃതി പിടിക്കേണ്ട ആവശ്യം ഇത്തവണയില്ല.
അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.
ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ. പിന്നെ മഞ്ഞൾ ഉപയോഗിച്ചും നാവിൽ അക്ഷരം എഴുതണം. അതിനു ശേഷമാണ് പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്.
ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടിൽത്തന്നെ രക്ഷിതാക്കൾ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയിൽത്തന്നെ വേണം.
ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.
ഒക്ടോബർ ഒൻപതിനു ഞായറാഴ്ചയാണു നവരാത്രിയുടെ ഭാഗമായ ദുർഗാഷ്ടമി വരുന്നത്. സന്ധ്യയ്ക്ക് അഷ്ടമി തിഥി വരുന്ന ദിവസമാണു ദുർഗാഷ്ടമി ആചരിക്കുന്നത്. അന്നു സന്ധ്യയ്ക്കു മുൻപു പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വച്ച് സന്ധ്യാപൂജയോടെയാണു കേരളത്തിൽ മിക്കയിടത്തും പുസ്തകപൂജയ്ക്കു തുടക്കം കുറിക്കുന്നത്. ദുർഗാഷ്ടമി ദിവസം രാവിലെ പുസ്തകപൂജയ്ക്കു തുടക്കം കുറിക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.
No comments:
Post a Comment