'നല്ല സ്പർശം, മോശം സ്പർശം' കുഞ്ഞിനോട് ഏതു പ്രായത്തിൽ പറയണം?
ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും ഏറി വരുന്ന സമൂഹത്തിൽ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരായി വളർത്തണമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. നല്ല സ്പർശത്തെക്കുറിച്ചും മോശം സ്പർശത്തെക്കുറിച്ചും ഏതു പ്രായത്തിലാണ് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കേണ്ടതെന്നും മാതാപിതാക്കൾക്ക് കൃത്യമായി അറിയില്ല. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും അറിവില്ലായ്മയും ചൂഷണം ചെയ്യാൻ വീടിനുള്ളിലും പുറത്തും കഴുകൻ കണ്ണുകളുമായി കാമവെറിയന്മാർ കാത്തിരിക്കുന്നുണ്ടെന്ന സത്യം ഉൾക്കൊണ്ട് പ്ലേ സ്കൂളിലോ സ്കൂളുകളിലോ പോകുന്നതിനു മുമ്പു തന്നെ കുഞ്ഞുങ്ങളോട് ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊടുക്കാം.
ഒന്നര വയസുള്ള ഒരു കുഞ്ഞിന് തൻെറ ശാരീരിക അവയവങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും. അതുകൊണ്ട് നല്ല സ്പർശത്തെയും മോശം സ്പർശത്തെയും കുറിച്ച് അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു തുടങ്ങാം. ടോയ്‌ലെറ്റ് ട്രെയിനിങ്ങും മറ്റും നൽകുമ്പോൾ ഈ കാര്യം പറഞ്ഞുകൊടുക്കാം. ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ തൊടാൻ ആരെയും അനുവദിക്കരുതെന്നും കുളിപ്പിക്കുമ്പോഴോ ടോയ്‌ലെറ്റ് ഉപയോഗത്തിനു ശേഷം മാത്രമോ അമ്മയ്ക്കോ അച്ഛനോ പോലും ആ ഭാഗങ്ങളിൽ തൊടാൻ അനുവാദമുള്ളൂവെന്ന് കൃത്യമായി പറഞ്ഞു പഠിപ്പിക്കണം.
കുഞ്ഞിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കുഞ്ഞുങ്ങളുടെ പിൻഭാഗത്തും നെഞ്ചിലും ചുണ്ടിലും ഉമ്മകൊടുക്കുന്ന ശീലം ചില അച്ഛനമ്മമാർക്കുണ്ട്. ഇത് അപകടകരമായ ഒരു പ്രവണതയാണ്. കുട്ടി ഇത് ശീലിച്ചാൽ അന്യർ അവരെ ചൂഷണം ചെയ്താൽ പോലും കുഞ്ഞിന് ആ തെറ്റ് മനസിലാവില്ല. അച്ഛനമ്മാർക്കും അടുപ്പമുള്ളവർക്കും നെറ്റിയിലും കൈയിലും മാത്രം ഉമ്മവെയ്ക്കാമെന്ന് കുഞ്ഞിനെ പഠിപ്പിക്കണം. അല്ലാത്തതരത്തിലുള്ള യാതൊരു പെരുമാറ്റവും അച്ഛനമ്മമാരുടെ ഭാഗത്തു നിന്നുണ്ടാവരുത്.
കാണുന്ന എല്ലാവരോടും അടുപ്പമുള്ള എല്ലാവരോടും കുഞ്ഞ് ശാരീരികമായി അടുത്തിടപഴകണമെന്ന് ശഠിക്കാതിരിക്കുക. അതിഥികൾ വന്ന് പോകുമ്പോൾ അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്ക് എന്നൊന്നും കുഞ്ഞിനെ നിർബന്ധിക്കാതിരിക്കുക. മുമ്പ് അടുപ്പം കാണിച്ചിരുന്ന കുടുംബാംഗത്തോടോ കുടുംബസുഹൃത്തിനോടോ കുഞ്ഞ് അകൽച്ചയോ മറ്റോ കാണിക്കുകയാണെങ്കിൽ അത് പ്രത്യേകം ശ്രദ്ധിക്കുക. ആ പ്രത്യേക വ്യക്തി അടുത്തു വരുമ്പോൾ കുഞ്ഞ് മുൻപെങ്ങുമില്ലാത്ത വിധം കരഞ്ഞു ബഹളം വയ്ക്കുകയോ അസ്വസ്ഥത കാണിക്കുകയോ ചെയ്താൽ കുഞ്ഞിനോട് സാവധാനം കാര്യങ്ങൾ ചോദിച്ച് മനസിലാക്കുക.
ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും ഒപ്പം നിൽക്കാൻ എന്നും അച്ഛനുമമ്മയുമുണ്ടാവും എന്ന് അവരോട് പറയുക. കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ അവസരമൊരുക്കുക. എന്തുകാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഏതെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ അവരെ കണ്ടാൽ ദേഷ്യപ്പെട്ട് ബഹളമുണ്ടാക്കാതെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.
എത്ര അടുപ്പമുള്ളവരോട് ഇടപെടേണ്ടി വന്നാലും മനസുകൊണ്ടും ശരീരംകൊണ്ടും ഒരു നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് കുഞ്ഞിനോട് പറയണം. കുഞ്ഞുങ്ങളുടെ കൺമുന്നിൽ നിന്ന് വസ്ത്രം മാറുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം. മാതാപിതാക്കൾ അശ്രദ്ധമായി ചെയ്യുന്ന പല പ്രവൃത്തികളും തെറ്റും ശരിയും തമ്മിൽ തിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് കഴിയാതെ പോകുന്നതിന് കാരണമാകും. അപരിചിതർ തരുന്ന ഭക്ഷണപദാർത്ഥങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് ഒട്ടുമിക്ക മാതാപിതാക്കളും കുഞ്ഞുങ്ങളോട് പറയാറുണ്ട്. അതുപോലെ അപരിതരോ അടുത്ത ബന്ധുക്കളോ ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിച്ചാൽ ഉറച്ച ശബ്ദത്തിൽ പ്രതികരിക്കണമെന്നു കൂടി കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കണം.
വാർത്തകളും പഠനങ്ങളും പറയുന്നത് അപരിചിതരാൽ ആക്രമിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കുടുംബാംഗങ്ങളും കുടുംബസുഹൃത്തുക്കളും ചേർന്ന് ഉപദ്രവിക്കുന്ന കുഞ്ഞുങ്ങളുടെയെണ്ണം എന്നാണ്. റിപ്പോർട്ടുകളനുസരിച്ച് 30 ശതമാനത്തിലധികം കുഞ്ഞുങ്ങൾ ചൂഷണംചെയ്യപ്പെടുന്നത് വീടിനുള്ളിൽ വെച്ചാണ്. അച്ഛൻ, സഹോദരൻ, അമ്മാവന്മാർ അങ്ങനെയാരുമാവാം പ്രതിസ്ഥാനത്ത്.
60 ശതമാനത്തിലധികം കേസുകളിൽ വില്ലന്മാർ കുടുംബസുഹൃത്തുക്കളും അയൽക്കാരും ബേബിസിറ്റർമാരുമാണ്. 10 ശതമാനം കേസുകളിൽ മാത്രമേ പ്രതിസ്ഥാനത്ത് അപരിചിതർ വരുന്നുള്ളൂ. കുഞ്ഞുങ്ങൾ അത് ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ചൂഷണംചെയ്യപ്പെടാനുള്ള സാധ്യത തുല്യമാണ്. അതുകൊണ്ട് തിരിച്ചറിവാകുന്ന പ്രായത്തിൽത്തന്നെ നല്ല സ്പർശത്തെക്കുറിച്ചും ചീത്ത സ്പർശത്തെക്കുറിച്ചും കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാം.
No comments:
Post a Comment